3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി പി രാജീവ്. ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പി. രാജീവ് പറഞ്ഞു. അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും ഇങ്ങനെ ഒരു പ്രചാര വേലയ്ക്ക് മുമ്പ് ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കിറ്റക്‌സ് നടത്തുന്ന പ്രതികരണങ്ങള്‍ സമൂഹം പരിശോധിക്കട്ടെയെന്നും പി. രാജീവ് പറഞ്ഞു. സൗമ്യമായി തന്നെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഗവണ്‍മെന്റിന് ഇപ്പോഴും തുറന്ന മനസാണ്. എല്ലാ സംരംഭകരുമായും നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഈ പ്രശ്‌നത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നല്ല രീതിയില്‍ നിക്ഷേപകര്‍ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യര്‍ഥനയാണ് നടത്തിയത്. നല്ല രീതിയില്‍ ഗവണ്‍മെന്റ് സംരംഭകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. തന്നെ സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി പുറത്താക്കിയെന്നും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇനിയൊരു വ്യവസായിക്കും ഉണ്ടാവരുതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു രാജീവ്.

Leave a Reply

Your email address will not be published. Required fields are marked *