ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ജെയ്ശ്രീറാം വിളിക്കണമെന്ന ഭീഷണി മുദ്രാവാക്ക്യങ്ങളുമായി ബിജെപി മാർച്ച്; മോദി സർക്കാരിന്റെ പിന്തുണയോടെയെന്ന് ഉവൈസി

0

. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജെയ്ശ്രീറാം വിളിക്കണമെന്ന ഭീഷണി മുദ്രാവാക്ക്യങ്ങളുമായി ജന്തർ മന്തറിൽ ബിജെപി എംപി നയിച്ച മാർച്ചിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇരുപത് മിനുട്ട് ദുരമുള്ള പ്രദേശത്താണ് വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്ക്യങ്ങളുയര്‍ന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് ശക്തമായി പ്രതിഷേധിച്ച് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി പാർലമെന്റിൽ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി അഭിഭാഷകനും മുന്‍ ബിജെപി വക്താവുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ വര്‍ഗ്ഗീയ മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തുന്ന വീഡിയോ പിന്നീട് സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ വീഡിയോയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അഞ്ചോ ആറോ പേര്‍ മാത്രമാണ് അത്തരം മുദ്രാവാക്ക്യം ഉയര്‍ത്തിയതെന്നും ബിജെപി നേതാവ് പ്രതികരിച്ചു.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടതെന്ന് സൂചനയുണ്ട്.

അതിനിടെയാണ് സംഭവം അസദുദ്ദീന്‍ ഉവൈസിപാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത്. മുസ്ലീംങ്ങള്‍ക്കെതിരെ വംശഹത്യ മുദ്രാവാക്ക്യങ്ങളാണ് ഉയര്‍ത്തിയതെന്നും അതില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്ക് ഇത്തരം മുദ്രാവാക്ക്യം ഉയര്‍ത്താന്‍ എങ്ങിനെയാണ് ധൈര്യം വന്നതെന്നും ഉവൈസി പാര്‍ലമെന്റില്‍ ചോദിച്ചു. മോദി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്ന് അറിയുന്നതുകൊണ്ടാണ് ഇത്തരം മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തുന്നത്. ഡല്‍ഹി പൊലീസിന് ദേശീയ സുരക്ഷാനിയമപ്രകാരം ആരേയും തടവില്‍ വെക്കാനുള്ള അധികാരം നല്കുന്ന നിയമം പുറത്തുവന്നത് ജൂലൈ 24നാണ്. എന്നാല്‍ പൊലീസ് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ആരേയും പിടികൂടിയിട്ടില്ലെന്നും ഉവൈസി വിമര്‍ശിച്ചു.

അതേസമയം ഡല്‍ഹി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. വീഡിയോ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വീഡിയോയിലുള്ളവരെ തിരിച്ചറിഞ്ഞ ശേഷം കേസില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. കൊവിഡ് മാനദണ്ഡം പരിഗണിച്ച് മാര്‍ച്ചിന് അനുമതി നല്കിയിരുന്നില്ലെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here