ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും.നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്‌റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും.ബി ജെ പിയുമായുള്ള പോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്ത് എത്തിയേക്കുമെന്നതടക്കമുളള വിലയിരുത്തലുകളാണ് പലയിടത്തും ഉയർന്നിട്ടുള്ളത്. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.എൻ ഡി എ സഖ്യം തുടരുമോയെന്നതിലടക്കമുള്ള തീരുമാനം യോഗത്തിലെടുക്കുമെന്നാണ് ജെ ഡി യു നേതാക്കൾ നല്‍കുന്ന സൂചന. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനിൽക്കുന്നത്.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടികാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറിലെ സ്ഥിതിഗതികളിൽ ചാടി കയറി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആർ ജെ ഡി നേതൃത്വം243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

എന്‍.ഡി.എ. സഖ്യത്തിലാണെങ്കിലും കുറച്ചുകാലമായി ബി.ജെ.പി.യും ജെ.ഡി.യു.വും സ്വരച്ചേര്‍ച്ചയിലല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബി.ജെ.പി. അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യു.വിന്റെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *