മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലെ വെള്ളം ഉയര്‍ന്നു തുടങ്ങി. സംഭരണ ശേഷിയുടെ പരമാവധി എത്തിയതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. തിങ്കളാഴ്ച വൈകിട്ടത്തെ ജലനിരപ്പ് 163.40 മീറ്ററാണ്. റൂള്‍ കര്‍വ് അനുസരിച്ച് ഡാം തുറക്കാനുള്ള അളവിലും അര മീറ്ററോളം ജലനിരപ്പ് കൂടുതലാണ്.

ഇടമലയാര്‍ ഡാമിന്റെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് ആദ്യം തുറക്കുന്നത്. ഷട്ടറുകള്‍ 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് (സെക്കന്‍ഡില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ലിറ്റര്‍) വെള്ളം ഒഴുക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമാണ്. തിങ്കളാഴ്ച മാത്രം 45 എംസിഎം (മില്യണ്‍ ക്യുബിക് മീറ്റര്‍) വെള്ളമാണ് ഡാമിലെത്തിയത്.

ഇടമലയാര്‍ അണക്കെട്ടില്‍നിന്ന് ജലമൊഴുക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലാണ് ഇപ്പോള്‍. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു.

ഇടുക്കിയില്‍നിന്ന് 500 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. ഇടമലയാറില്‍നിന്ന് 50 മുതല്‍ 100 ക്യുമെക്‌സ് വരെ ജലം പെരിയാറിലേക്ക് ഒഴുക്കും. കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ അടുത്ത മൂന്നു ദിവസവും ഗ്രീന്‍ അലേര്‍ട്ടാണ്. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമുകളില്‍നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ പെരിയാറിനാകുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേസമയം, ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ കൂടാതെ അണക്കെട്ടിന്റെ ആര്‍1, ആര്‍2, ആര്‍3 എന്നീ ഷട്ടറുകള്‍ കൂടിയാണ് 30 സെന്റി മീറ്റര്‍ തുറന്നത്. ആകെ 8626 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കും.

Leave a Reply

Your email address will not be published. Required fields are marked *