വീട്ടിലെ പ്രസവത്തില്‍ ജനിച്ച കുട്ടി മൂന്നാംനാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വീട്ടിലായിരുന്നു പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്.
ഈ മാസം അഞ്ചിനായിരുന്നു പ്രസവം. വീട്ടില്‍തന്നെ പ്രസവമെടുക്കരുതെന്ന് മാതാപിതാക്കളെ തലക്കാട് കുടുംബാരോഗ്യ മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുകയും ആവശ്യമായ ബോധവതകരണം നടത്തുകയും ചെയ്തിരുന്നു. മുമ്പുണ്ടായ മൂന്ന് പ്രസവങ്ങളും സിസേറിയനായതിനാല്‍ സ്വമേധയാ പ്രസവമെടുക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി.
തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു കുട്ടിയുടെ മരണം. കാരത്തൂരിലെ സ്വകാര്യ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമായി ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. തലക്കാട് കുടുംബാരോഗ്യ ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരൂര്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.