ലഖിംപൂർ സംഭവത്തിൽ കേന്ദ്രസഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കും. രാവിലെ 11 മണിയോടെ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലഖിപൂര്‍ ഖേരി സംഭവത്തിൽ യുപി പോലീസിനെതിരെ സുപ്രീം കോടതി ഇന്നലെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് നീക്കങ്ങള്‍. സംഭവം കൊലപാതകമാണെന്നായിരുന്നു ഇന്നലെ കോടതി വ്യക്തമാക്കിയത്. ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ആശിഷ് മിശ്രയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വൈകിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇയാളോടു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയ ലഖിംപൂര്‍ ഖേരിയിലും പരിസരപ്രദേശങ്ങളിലും പോലീസ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയതാണ് കേസ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രമന്ത്രിയുടെ മകനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *