തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ ചേരുമെന്ന് സ്പീക്കർ അറിയിച്ചു. ഒക്ടോബർ 9-ന് നടത്തിയ പത്രസമ്മേളനത്തിലാണ് സമ്മേളനത്തിന്റെ നടപടിക്രമങ്ങളും നിയമസഭയുടെ വരാനിരിക്കുന്ന പരിപാടികളും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

കലണ്ടർ പ്രകാരം ഒമ്പത് ദിവസമാണ് സഭ ചേരുന്നത്. ഒക്ടോബർ 12, 13, 14, 15, 27, 28, 29 തീയതികൾ ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഒക്ടോബർ 16 അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കും ഒക്ടോബർ 26 പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർത്ഥനകളും 2017 മുതലുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളും സംബന്ധിച്ച ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി മാറ്റിവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകൾ ഒക്ടോബർ 29-ന് ഉച്ചയ്ക്ക് ഒന്നുമുതൽ രണ്ടുവരെ സഭ പരിഗണിക്കും.

രണ്ട് ബില്ലുകൾ അവതരിപ്പിക്കും

പ്രധാനമായും നിയമനിർമാണ കാര്യങ്ങൾക്കായാണ് സമ്മേളനം ചേരുന്നത്. ഒക്ടോബർ 12-ന് കേരള കോർട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബിൽ, 2026, മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (ഭേദഗതി) ബിൽ, 2026 എന്നിവ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കുന്നതിനുള്ള പ്രമേയം പരിഗണിക്കും. തുടർന്നുള്ള ദിവസങ്ങളിലെ നിയമനിർമാണ നടപടികൾ തീരുമാനിക്കുന്നതിനായി അന്നുതന്നെ കാര്യോപദേശക സമിതി യോഗം ചേരും. നിയമസഭയുടെ പ്ലാറ്റിനം ജൂബിലിക്ക് തുടക്കം നവംബർ ഒന്നിന്

കേരള നിയമസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടക്കമാകും. 1957 ഏപ്രിൽ 27-നാണ് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നത്. ഇതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2027 ഏപ്രിൽ 27-ന് സമുചിതമായി നടത്തും.

ആഘോഷങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സ്നേഹസംഗമം സംഘടിപ്പിക്കും. മുൻ സ്പീക്കർമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ നിയമസഭാംഗങ്ങൾ, മുൻ നിയമസഭാ സെക്രട്ടറിമാർ, നിയമസഭാ ജീവനക്കാർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.

നിയമസഭാ അന്താരാഷ്ട്ര സാഹിത്യോത്സവം ജനുവരി 7 മുതൽ

കേരള ലെജിസ്ലേച്ചർ ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് 2027 ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പതിപ്പിൽ 170 പ്രസാധകർ പങ്കെടുക്കുകയും 282-ഓളം സ്റ്റാളുകൾ ഒരുക്കുകയും ചെയ്തിരുന്നു. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി മാധ്യമപ്രവർത്തകരുടെ സഹകരണം സ്പീക്കർ അഭ്യർത്ഥിച്ചു പമ്പ ബ്ലോക്കിലെ ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റം 26-ന്

നിയമസഭാ സാമാജികർക്കായി പുതുതായി നിർമിച്ച പമ്പ ബ്ലോക്കിലെ ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റച്ചടങ്ങ് ഒക്ടോബർ 26 തിങ്കളാഴ്ച വൈകിട്ട് 4.30-ന് നടക്കും. നിലവിൽ രണ്ട് കിടപ്പുമുറികളുള്ള 64 ഫ്ലാറ്റുകളാണ് സാമാജികർക്കായി ഉണ്ടായിരുന്നത്. പഴയ പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ ഫ്ലാറ്റുകൾ നിർമിക്കാനുള്ള നിർദേശം സർക്കാർ അംഗീകരിക്കുകയും 2013-ലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ കാലത്ത് 2023-ൽ നിർമാണം ആരംഭിച്ച പമ്പ ബ്ലോക്കിന്റെ ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരിയിൽ നടന്നിരുന്നു. 60 ഫ്ലാറ്റുകളുള്ള പുതിയ ബ്ലോക്കിന്റെ നിർമാണം ഇപ്പോൾ പൂർണമായും പൂർത്തിയായതോടെ എല്ലാ സാമാജികർക്കും സൗകര്യപ്രദമായ താമസസൗകര്യം അനുവദിക്കാൻ കഴിയുമെന്ന് സ്പീക്കർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *