തെരുവുനായ പ്രശ്‌നത്തിലെ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍. എബിസി പദ്ധതി നിലനിര്‍ത്തി തെരുവുനായ്ക്കളെ ദത്തെടുക്കാന്‍ പുതിയ പദ്ധതി നടപ്പില്‍ കൊണ്ടുവരുമെന്നാണ് മേയര്‍ പറയുന്നത്. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറിലാക്കുക എന്നത് വളരെ സമയം ആവശ്യമുള്ള പ്രക്രിയയാണെന്ന് മേയര്‍ പറയുന്നു. നായ്ക്കളെ സംരക്ഷിക്കാന്‍ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളിലേക്ക് തങ്ങള്‍ വേഗത്തില്‍ കടക്കുമെന്നും മേയര്‍ അറിയിച്ചു.

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടാകുന്നുണ്ട്. കുറേനാള്‍ ഭക്ഷണം കൊടുത്തിട്ട് ചിലര്‍ പെട്ടെന്ന് ഒരു ദിവസം ഭക്ഷണം നല്‍കുന്നത് നിര്‍ത്തും. ഇത്തരത്തില്‍ ഭക്ഷണം ലഭിച്ച് ശീലമുള്ള നായ്ക്കള്‍ പ്ലാസ്റ്റിക് കവറുമായി ആരുപോയാലും കിറ്റ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.

ആശുപത്രികള്‍, സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായകളെ മാറ്റണം എന്നാണ് സുപ്രിംകോടതിയുടെ വിധി. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറില്‍ പാര്‍പ്പിക്കണം. പിടികൂടുന്ന സ്ഥലത്ത് വീണ്ടും തുറന്ന് വിടരുത്. പൊതുവിടങ്ങളില്‍ തെരുവ് നായകളുടെ പ്രവേശനം തടയാന്‍ പ്രത്യേക വേലികള്‍ നിര്‍മിക്കണം. ഇതിനായുള്ള നടപടികള്‍ എട്ട് ആഴ്ചക്കുള്ളില്‍ തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *