ആലപ്പുഴ: കനോയിംഗ്-കയാക്കിംഗ് ദേശീയ താരങ്ങളും നാവികസേനാ ഉദ്യോഗസ്ഥരുമായ രണ്ട് മലയാളികൾ ഭോപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി-രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ. അനന്തകൃഷ്ണൻ (അനന്തു – 19), കൈനകരി പഴയാറ്റിൽ രഘുനാഥ്-ജീജാമോൾ ദമ്പതികളുടെ മകൻ വിഷ്ണു രഘുനാഥ് (ഉണ്ണി – 26) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഭോപ്പാൽ നേവൽ ബേസിന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ഇരുവരും മരണപ്പെട്ടതെന്ന് നാവികസേന കുടുംബങ്ങളെ അറിയിച്ചു. മരിച്ച രണ്ടുപേരും കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരാണ്.

മൂന്ന് മാസം മുമ്പാണ് അനന്തകൃഷ്ണൻ നേവിയിൽ പെറ്റി ഓഫീസറായി നിയമിതനായത്. 2024-ലെ കനോയിംഗ്-കയാക്കിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ 5000 മീറ്റർ സിംഗിൾ വിഭാഗം കനോയിംഗിൽ ചാമ്പ്യനായിരുന്നു അനന്തകൃഷ്ണൻ. കേരളം ചരിത്രത്തിൽ ആദ്യമായാണ് ഈ വിഭാഗത്തിൽ വിജയം നേടുന്നത്. ഈ നേട്ടമാണ് അദ്ദേഹത്തിന് നാവികസേനയിലേക്കുള്ള വഴി തുറന്നത്.

കഴിഞ്ഞ ഒൻപത് വർഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ് വിഷ്ണു രഘുനാഥ്. ഭോപ്പാലിൽ ഒരു മാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലടക്കം അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിരുന്നു. വിഷ്ണു നെഹ്‌റു ട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുൻ തുഴച്ചിൽ താരവുമായിരുന്നു.

മരിച്ച കായികതാരങ്ങളുടെ മൃതദേഹങ്ങൾ നാവികസേനയുടെ ആദരവ് അർപ്പിച്ച ശേഷം നാളെ (നവംബർ 10) രാവിലെ 8.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴയിലെ വീടുകളിലേക്ക് എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *