ഇടുക്കി: സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചു. ഒരു മാസത്തിനകം ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിലായിരിക്കും പാർട്ടി പ്രവേശനമെന്നാണ് വിവരം. മൂന്ന് ടേമിലായി 15 വർഷം സിപിഐഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പാർട്ടിയിൽനിന്നും രാജേന്ദ്രനെ സ്സപെൻഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.

രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്തുവെച്ച് സംസാരിച്ചതായും ബിജെപിക്കൊപ്പം ചേരുമെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യങ്ങൾ മുൻനിർത്തിയല്ല ബിജെപിയിലേക്ക് പോകുന്നതെന്നും മറിച്ച് ജില്ലയുടെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നുമാണ് എസ് രാജേന്ദ്രന്റെ വിശദീകരണം. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *