പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർ ദമ്പതിമാരാണ്. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്.

സിസേറിയനിൽ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ആറാം തിയതിയായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ സിസേറിയൻ നടത്തിയപ്പോൾ രക്തസ്രാവം കൂടിയതിനാൽ അനിതയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഉച്ചയോടെ അനിത മരിച്ചു. കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചത്. അവിടെ എത്തുന്നതിന് മുമ്പ് നവജാതശിശുവും മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌കാനിങ്ങിൽ ഉൾപെടെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അനിതയുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ അമിത രക്തസ്രാവമാണ് അനിതയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ അപ്പുകുട്ടൻ വിശദീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *