തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിക്കുന്നത് ഗാന്ധിജി വിഭാവനം ചെയ്ത സത്യാഗ്രഹ സമരത്തെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരങ്ങളിൽ നിന്ന് യു ടേൺ അടിക്കുന്നതാണ് പിണറായിയുടെ ശീലം. സത്യാഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ വിലയേറിയ തൊഴുത്ത് കെട്ടിയ ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും വിമർശിച്ചു. കൗ ഹഗ് ഡേ കേരളത്തിൽ ആചരിക്കാൻ മുഖ്യമന്ത്രി പറയുമായിരിക്കും. ജനങ്ങൾ അധിക നികുതി അടക്കരുതെന്നും നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കോൺഗ്രസ് സമരം കേന്ദ്രത്തെ സഹായിക്കാനാണെന്ന് മന്ത്രി ആന്റണി രാജു വിമർശിച്ചു. കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ, സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന സമരം കേന്ദ്രത്തെ സഹായിക്കാനാണ്. ജനങ്ങൾക്ക് ഇതൊരു വലിയ ബുദ്ധിമുട്ടാകില്ല. കോൺഗ്രസ് സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്നും ആന്റണി രാജു പറഞ്ഞു.
