വയനാട്: മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാന്‍ ഉത്തരവ്. ദൗത്യം ഉടന്‍ ആരംഭിക്കും. മയക്കുവെടിവെച്ചശേഷം ആനയുടെ ആരോഗ്യനില പരിശോധിച്ച് മുത്തങ്ങ ആന സങ്കേതത്തിലേക്ക് മാറ്റാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. മുത്തങ്ങയില്‍ നിന്ന് കുംകിയാനകള്‍ പടമലയിലേക്ക് പുറപ്പെട്ടു.
കോടതിയെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്ന് നേരത്തേ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. സബ് കലക്ടര്‍ ഓഫീസില്‍ കലക്ടറും ജനപ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചക്കിടെയാണ് പ്രതിഷേധം. മരിച്ചയാളുടെ മൃതദേഹവുമായാണ് നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കുന്നത്. താത്കാലിക ആശ്വാസമായി അഞ്ച് ലക്ഷം രൂപ നല്‍കാമെന്നതടക്കം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രതിഷേധക്കാര്‍ തള്ളി. 50 ലക്ഷം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് സബ് കലക്ടറുടെ ഓഫീസില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.