തിരുവനന്തപുരം: കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ കുരുതികൾ കൂടുന്നു. നെടുമങ്ങാട് “വലിയമല സ്റ്റേഷൻ” പരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകളായ ആതിര (25) കഴിഞ്ഞ ദിവസം ആറാം തീയ്യതി ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു.
2022 നവംബർ മാസം 13 ആം തിയതി പനയമുട്ടം സ്വാതി ഭവനിൽ സോനുവുമായി വിവാഹ നിശ്ചയം നടത്തുകയും 2023 ഏപ്രിൽ മാസം 30 ന് വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ആദ്യ രണ്ടു മാസം ആതിരയുമായി സോനു നല്ല ബന്ധത്തിലായിരുന്നു.
പിന്നീട്, തിരുവനന്തപുരം വട്ടിയൂർക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സോനുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി ബന്ധുക്കൾ പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം പുറത്തുകൊണ്ടു വരണമെന്നു ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്.
ആതിരയുടെ കൈയ്യിൽ നിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് പണം വാങ്ങിയിരുന്നു.
തിരുവനന്തപുരം എസ്. കെ. ആശുപത്രിയിൽ ആറു വർഷമായി ആതിര ജോലി നോക്കി വരികയായിരുന്നു. ആതിരയ്ക്ക് ജോലി ചെയ്ത് കിട്ടിയ ശമ്പളവും ഗൾഫിൽ ജോലി നോക്കുന്ന സഹോദരന്റെയും കൈയ്യിൽ നിന്നു പല പ്രാവശ്യം പണം നൽകിയതായി പരാതിയിൽ പറയുന്നു.
