
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണമെന്നും പുനരധിവാസവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതർ വീണ്ടും സമരമുഖത്തേക്ക്. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക, ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മുഴുവൻ പേർക്കും സർക്കാർ ജോലി നൽകുക, അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് കലക്ടറേറ്റ് ഉപരോധിക്കും. ആധാർ കാർഡുകളും റേഷൻ കാർഡുകളും സർക്കാരിലേക്ക് തിരികെ നൽകി പ്രതിഷേധിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അതീവ ദുരന്ത സാധ്യത മേഖലയായ ചൂരൽമല സ്കൂൾ റോഡ് മുതൽ പടവെട്ടിക്കുന്ന് വരെയുള്ള മുഴുവൻ കുടുംബങ്ങളെയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 12ന് രാവിലെ എട്ടുമണി മുതൽ ചൂരൽമല സ്കൂൾ റോഡ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചൂരൽമല ടൗണിൽ കുത്തിയിരുപ്പ് സമരം നടത്തും. രാവിലെ ഏഴു മണിയോടെ ശ്മശാനത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും സമരം. അതീവ ദുരന്ത സാധ്യതാ പ്രദേശമായിട്ടും പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങളെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. നോ ഗോ സോണില്‍ നിന്ന് 50 മീറ്റര്‍ പരിധിയിലെ വീടുകളെ പരിഗണിച്ച രണ്ടാം ഘട്ട ബി പട്ടികയില്‍ പ്രദേശത്തെ 30 വീടുകളില്‍ മൂന്ന് വീടുകളാണ് ആകെ ഉള്‍പ്പെട്ടത്. നിലവില്‍ കുടുംബങ്ങള്‍ക്ക് വീടുകളിലെത്താനുള്ള റോഡ് പൂര്‍ണമായും ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നോ ഗോ സോണ്‍ ആയി അടയാളപ്പെടുത്തിയ ഭാഗമാണ്. ഇത്തരം പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവഗണിക്കുകയായിരുന്നു.
