വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം.
നിങ്ങള്‍ക്കുള്ള കൊറിയര്‍ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോര്‍ഡ് വോയിസ് സന്ദേശം മൊബൈലില്‍ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതല്‍ അറിയുന്നതിനായി 9 അമര്‍ത്തുവാനും ഈ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.
ഇത് അമര്‍ത്തുന്നതോടെ
കോള്‍ തട്ടിപ്പുകാര്‍ക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, ലഹരിവസ്തുക്കള്‍ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവര്‍ അറിയിക്കും. ഈ കോള്‍ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോള്‍ മറ്റൊരാളിന് കൈമാറുന്നു. തീവ്രവാദബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് അയാള്‍ വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തുന്നു
പറഞ്ഞ കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ എന്നിവ അവര്‍ നിങ്ങള്‍ക്ക് അയച്ചുതരും.
കസ്റ്റംസ് ഓഫീസറുടെ ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇതോടെ നിങ്ങള്‍ സ്വന്തം സമ്പാദ്യ വിവരങ്ങള്‍ വ്യാജ കസ്റ്റംസ് ഓഫീസര്‍ക്ക് കൈമാറുന്നു. നിങ്ങള്‍ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കില്‍ സമ്പാദ്യത്തിന്റെ 80 % ഡെപ്പോസിറ്റ് ആയി നല്‍കണമെന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കില്‍ തിരിച്ചുനല്‍കും എന്നും നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കുന്നു.
ഇതു വിശ്വസിച്ച് ഇവര്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ തട്ടിപ്പിന് ഇരയാകുന്നു.
ഇത്തരം തട്ടിപ്പില്‍ വീണുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കുക.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *