ഡീസലിന് വിപണി വിലയേക്കാളും കൂടുതല്‍ തുക ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചു. കെ എസ് ആര്‍ ടി സിക്ക് അനുകൂലമായുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി എത്രയും വേഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അടച്ച് പൂട്ടേണ്ടി വരുമെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. വിപണി വിലയെക്കാളും ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് കെ എസ് ആര്‍ ടി സി ഡീസല്‍ വാങ്ങുന്നത്. എന്നാല്‍ കേരളത്തിലെ സ്വകാര്യ ബസുകളില്‍ വിപണി വിലയ്ക്ക് ഡീസല്‍ ലഭിക്കുന്നുണ്ട്. കെ എസ് ആര്‍ ടി സിക്ക് വേണ്ടി അഭിഭാഷകന്‍ ദീപക് പ്രകാശാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അപ്പീലിലാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചിന്റെ വിധി. കെ എസ് ആര്‍ ടി സിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ആ മാസം ആറിനാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

വന്‍കിട ഉപഭോക്താവായതിനാല്‍ എണ്ണക്കമ്പനികള്‍ കൂടിയ വില ഈടാക്കുന്നതിനെതിരെ കെ എസ് ആര്‍ ടി സി നല്‍കിയ ഹര്‍ജിയില്‍ വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ ഏപ്രില്‍ 13നായിരുന്നു ഇടക്കാല ഉത്തരവ്. ഈ ആവശ്യം മുമ്പ് സുപ്രീംകോടതി നിരസിച്ചതാണെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *