ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ തന്നെ ആശങ്കയിലാക്കിയ പുള്ളിപ്പുലി ഒടുവിൽ പിടിയിലായി. ആറ് ദിവസങ്ങളായി അധികൃതരേയും വനംവകുപ്പിനേയും ഒരു പോലെ വലച്ചിരുന്ന ആൺ പുള്ളിപ്പുലി വെള്ളിയാഴ്ച രാവിലെയാണ് കുടുങ്ങിയത്. വനംവകുപ്പ് അധികൃതർ തയ്യാറാക്കിയ കൂട്ടിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. നെഹ്റു സൂവോളജിക്കൽ പാർക്കിലെ അധികൃതർ പുള്ളിപ്പുലിയെ ഇന്ന് പരിശോധിക്കും. എയർപോർട്ട് പരിസരത്ത് ജീവിക്കുന്ന മറ്റ് വന്യജീവികളെ കണ്ടെത്താനായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ വിശദമാക്കി. മേഖലയിൽ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വാർഡൻ വിശദമാക്കി. പിടിയിലായ പുള്ളിപ്പുലിയെ ഹൈദരബാദിലെ മൃഗശാലയിലേക്ക് മാറ്റും. ഇവിടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വനമേഖലയിൽ പുള്ളിപ്പുലിയെ തുറന്ന് വിടുമെന്നും വനംവകുപ്പ് വിശദമാക്കി. പുളളിപ്പുലി വന്നുപോയ ഭാഗത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി കുടുങ്ങാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൂടുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. അഞ്ച് ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം 20 ക്യാമറകളായി ഉയർത്തിയിരുന്നു. വിമാനത്താവളത്തിന് പരിസരത്തുള്ള മേഖലകളിൽ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്ത് പോകരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *