മുംബൈയിൽ കനത്ത മഴയെ തുടർന്ന് 3 നില കെട്ടിടം തകർന്നു വീണ് 7 കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു. മലാഡ് വെസ്റ്റിലെ മാൽവാനി പ്രദേശത്ത് ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 3 നില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു.

നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എത്രയും വേഗം ഇവരെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. പൊലീസ് ശരിയായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അഡീഷണൽ സി.പി.ദിലീപ് സാവന്ത് പറഞ്ഞു.

അപകടം നടന്ന പ്രദേശങ്ങളിലെ മറ്റു കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തകർന്ന കെട്ടിടത്തിന്റെ സമീപത്തുള്ള കെട്ടിടം അപകടാവസ്ഥയിലാണ്. ഇവിടെയുണ്ടായിരുന്ന പരമാവധി പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ കണ്ടിവാലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അടുത്ത 3-4 മണിക്കൂറിനുള്ളിൽ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇടയ്ക്കിടെ തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. റെഡ് അലേർട്ട് കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 15 ടീമുകളെ മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ടീമുകൾ മുംബൈയിലും നാലെണ്ണം സിന്ധുദുർഗിലും രണ്ട് താനെ, റായ്ഗഡ്, പൽഘർ, രത്നഗിരി എന്നിവിടങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *