ശ്രീനഗര്‍: ജമ്മു കശ്മീരിലെ രിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ മൂന്ന് തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്. രജൗരിയിലും പൂഞ്ചിലും കഴിഞ്ഞ മാസം ആക്രമണം നടത്തിയ തീവ്രവാദി സംഘത്തില്‍പ്പെട്ടവരാണ് രിയാസിയിലെ ആക്രമണത്തിന് പിന്നിലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, തീര്‍ഥാടകരുടെ ബസിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. രിയാസി ജില്ലയിലാണ് സുരക്ഷാസേനയുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ തുടരുന്നത്. തിരച്ചിലിനായി സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് ജമ്മു- കശ്മീരിലെ രിയാസി ജില്ലയിലെ തെരിയാത്ത് ഗ്രാമത്തിനു സമീപം തീര്‍ഥാടകരുമായി പോയ ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് കൊക്കയിലേക്ക് മറിഞ്ഞ ബസിലെ ഒമ്പതു പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു.