സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥീരീകരിക്കപ്പെട്ടവര്‍ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ്. പ്രദേശത്തു നിന്നും പരിശോധനക്കയച്ച 17 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. സിക്ക സ്ഥീരീകരിച്ച ഗര്‍ഭിണിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെയാണ് 17 സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്.

തിരുവനന്തപുരം നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങള്‍,പാറശാല എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇവരുടെ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവായതായാണ് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. അതേസമയം രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.

ഇതുവരെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണ കൂടവും സിക്ക പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചു. ജില്ലയിലെ ലാബുകളോട് സിക്ക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഇത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കൊതുകു നിവാരണമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *