നിയമസഭാ തെരഞ്ഞടുപ്പിലെ അമ്പലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ അന്വേഷണം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസുമാണ് വിഷയം അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടേതാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടെ ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണവുമായി പാര്‍ട്ടി രംഗത്ത് എത്തുന്നത്.

തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ പകരം മത്സരിച്ച തന്നോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാനമായും സലാം ഉന്നയിച്ചത്. തന്നെ എസ്ഡിപിഐക്കാരന്‍ ആയി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ചില്ല. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

വിഷയം വിവാദമായിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ജി സുധാകരന്‍ തയ്യാറായില്ല. വെള്ളി ശനി ദിവസങ്ങളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ നിന്നുള്ള പ്രതിഷേധം ഇപ്പോഴും സുധാകരന്‍ തുടരുന്നു എന്നാണ് വിലയിരുത്തല്‍.കൽപറ്റയിലെയും പാലായിലെയും തോൽവിയിൽ അന്വേഷണം നടത്താനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജില്ലാ തലത്തിലാകും അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *