കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം സംസ്കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വെള്ളിയാഴ്ച വൈകീട്ടും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു. കെ. മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ കലക്ടർ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, തഹസിൽദാർ സി.പി. മണി, കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാറും സംഘവും ഏറ്റുവാങ്ങി. അർധരാത്രിക്കു ശേഷമാണ് വീട്ടിലെത്തിച്ചത്. ജമ്മുകശ്മീരിൽ രജൗരി ജില്ലയിലെ സുന്ദർബനി സെക്റ്ററിൽ പാക്കിസ്താൻ അതിർത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാർ എം. ശ്രീജിത്ത് അടക്കം രണ്ടുജവാൻമാർ വീരമൃത്യു വരിച്ചത്.
ഇതുവരെ 23 മെഡലുകളാണ് ശ്രീജിത്തിനു ലഭിച്ചത്. പാർലമെന്റ് ഭീകരാക്രമണമുണ്ടായപ്പോൾ ശ്രീജിത്തും പോരാട്ടത്തിൽ പങ്കെടുത്തിരുന്നു. ഓണത്തിന് അവധിയെടുത്ത് വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന കുടുംബത്തിനു മുന്നിൽ ചേതനയറ്റ ശരീരമായി ശ്രീജിത്ത് മടങ്ങിവരുമ്പോൾ കണ്ണീരടക്കാൻ കഴിയാതെ വിതുമ്പുകയായിരുന്നു പൂക്കാട് ഗ്രാമം. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.