തിരുവനന്തപുരം വിഴിഞ്ഞത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി.ബാലരാമപുരം നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് കിരണ്‍ എന്ന യുവാവിനെ കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി കിരണ്‍ ശനിയാഴ്ച ആഴിമലയില്‍ പോയിരുന്നതായും അതിനുശേഷമാണ് കാണാതായതെന്നും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.ഇന്നലെ ഉച്ചയോടെ കിരണും മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാർ ആഴിമലയിലെത്തിയപ്പോള്‍ കിരണ്‍ ഉണ്ടായിരുന്നില്ല. ബൈക്കിൽ നിന്നും ഇറങ്ങിയോടിയെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെൽവിൻ പറഞ്ഞു. കിരണിന്‍റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.യുവാവ് കടലില്‍ ചാടിയതായി സംശയമുണ്ടായതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി.ഞായറാഴ്ച രാവിലെ വീണ്ടും നടത്തിയ തിരച്ചിലില്‍ തീരത്തുനിന്ന് കണ്ടെത്തിയ ചെരിപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന്ബന്ധുക്കള്‍ ആരോപിച്ചു.കോസ്റ്റല്‍ പോലീസ് കടലില്‍ തിരച്ചില്‍ തുടരുന്നു.