സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി മൂന്നു ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. നാളെ മുതല്‍ എല്ലാ ജില്ലകളിലും വാക്‌സിനേഷന്‍ പുനഃരാരംഭിക്കും.

എറണാകുളം മേഖലയിലേക്ക് 1,20,000 ഡോസ് വാക്‌സിനാണ് ലഭിക്കുക. കോഴിക്കോട് മേഖലയില്‍ 75,000 ഡോസ് വാക്‌സിനും ലഭിക്കും. തിരുവനന്തപുരം മേഖലയില്‍ 1,70,000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യുക.

95,000 ഡോസ് കോവിഷീല്‍ഡ്, 75,000 ഡോസ് കോവാക്‌സിന്‍ എന്നിവയാണ് സംസ്ഥാനത്തെത്തുക. 60 ലക്ഷം ഡോസ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. നാളെ കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം അഞ്ചു ജില്ലകളില്‍ ഇന്നലെ തന്നെ വാക്‌സിനേഷന്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണുള്ളത്. എന്നാല്‍ വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാക്സിന്‍ ക്ഷാമം സംസ്ഥാനം നേരിടുന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. .സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്കായിരിക്കും ശക്തമാക്കുക. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള ഒന്‍പത് ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ഞായറാഴ്ചയ്ക്കുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാനും മന്ത്രി ഇന്നലെ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *