നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ ഇന്ന് സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിചാരണക്ക് തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിക്കണമെന്ന് ഉത്തരവിട്ടിരുന്നു. വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് വിഷ്ണു പൊലീസിനോട് വെളിപ്പെടുത്തിയത്.

ജയിലിൽ വെച്ച് ഒന്നാം പ്രതി സുനിൽ കുമാറിന് വേണ്ടി ദിലീപിനുള്ള കത്ത് എഴുതി നൽകിയത് വിഷ്ണു ആയിരുന്നു.
എന്നാല്‍ പിന്നീട് തനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ സന്നദ്ധനാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും വിഷ്ണു ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം മാപ്പ്‌സാക്ഷിയാക്കുകയും പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ നടപടികള്‍ തുടങ്ങിയപ്പോള്‍ വിസ്താരത്തിന് ഹാജരാകാന്‍ സമന്‍സ് അയച്ചെങ്കിലും വിഷ്ണു ഹാജരായിരുന്നില്ല.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. സുപ്രീം കോടതി 2021 ആഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം നടപടികള്‍ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തില്‍ പറയുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ 300ലധികം സാക്ഷികളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *