കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടില്‍. ഹെലികോപ്ടറില്‍ ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തുകയാണ് അദ്ദേഹം. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ആകാശത്തുനിന്ന് നോക്കിക്കണ്ടു.

മൂന്ന് ഹെലികോപ്ടറുകളിലായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്യോഗസ്ഥ സംഘവും അനുഗമിക്കുന്നുണ്ട്. ദുരന്തമേഖലയിലെ ആകാശനിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി കല്‍പറ്റയിലെ എസ്.കെ.ജെ.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങി. ഇവിടെനിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും.

ഇതിനുശേഷം കല്‍പറ്റയില്‍ കലക്ടറേറ്റിലേക്ക് എത്തും. ഇവിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന സ്‌ക്രീന്‍ പ്രസന്റേഷന്‍ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. മേഖലയുടെ പുനര്‍നിര്‍മാണവും പുനരധിവാസവും ഉള്‍പ്പെടെ സംസ്ഥാനം തയാറാക്കിയ പദ്ധതികള്‍ അവതരിപ്പിക്കും. ദേശീയ-അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *