തടമ്പാട്ടുതാഴത്തെ വയോധിക സഹോദരിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനായി (60) ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് പ്രമോദ് ആണെന്നാണ് പൊലീസിന്‍റെ നിഗമനം.


പ്രമോദ് കൊടും ക്രൂരത ചെയ്തത് സഹോദരിമാരെ പരിചരിക്കാൻ ആരും ഇല്ലാത്തതിനാൽ എന്ന് സംശയം. ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങളും അവിവാഹിതരാണ്. കരിക്കാംകുളത്ത് വാടക വീട്ടിലായിരുന്നു താമസം.

കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദും ഇവരുടെ കൂടെയായിരുന്നു താമസം.

ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും രാവിലെ അഞ്ചരയോടെ പ്രമോദ് ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ള പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *