കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ വിസിയോട് വിശദീകരണം ചോദിച്ചെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. വിഷയത്തില്‍ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകരിക്കും. വിഷയത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്‌നം എന്ന് പഠിച്ച ശേഷം മറുപടി പറയാമെന്നും അവര്‍ പറഞ്ഞു.
വിഷയം വളരെ സെന്‍സിറ്റീവായതാണ്. അതുകൊണ്ടു തന്നെ സര്‍വകലാശാലയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം അഭിപ്രായം പറയാം. നമ്മുടെ രാജ്യം മതേതരമാണ്. അതിനാല്‍ വലിയ തോതില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഷയങ്ങള്‍ സിലബസില്‍ ഉണ്ടാകുന്നത് അപകടകരമാണ്. ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷമേ കൂടുതല്‍ മറുപടി പറയാന്‍ കഴിയു.
ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം വിഷയത്തില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.
