ആലപ്പുഴ:അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു മരണം. അപകടത്തിൽ കാണാതായ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെയും (17) ചെറുകോൽ സ്വദേശി വിനീഷിന്റെയും (37) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. നാല് പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. കൂടെയുള്ള രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സിനും പുറമെ സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്.

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ചെറുകോൽ മനാശെരിൽ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തിൽ രാഗേഷ്, എന്നിവർ ഉൾപ്പെടെ 4 പേരെയാണ് അപകടത്തിൽപെട്ടത്. പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിത്യൻ.

അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടമെന്നാണ് വിവരം. ഇതിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു.നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം നടന്നത്.

പള്ളിയോടം മറിയാൻ ഇടയായ സാഹചര്യത്തെ കുറിച്ച് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട് എന്ന് മന്ത്രി പി പ്രസാദ്. സ്കൂബ ഡ്രൈവേഴ്സിന്റെ മൂന്ന് ടീം നിലവിൽ പരിശോധന നടത്തുകയാണ്. നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *