ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സ്ത്രീ കൊല്ലപ്പെട്ടത്. 46കാരിയായ നെജാഖോള്‍ ലുങ്ദിം ആണ് മരിച്ചത്. കാങ്പോക്പിയിലെ തങ്ബൂഹിലാണ് സംഭവം.
മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രാണരക്ഷാര്‍ഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.