കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാ പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടില്‍ ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്ക കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും.

കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടികലാശത്തില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം.

അതേസമയം, പരസ്യപ്രചാരണം അവസാനിക്കാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ ചേലക്കരയില്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും മണ്ഡലത്തില്‍ പ്രചാരണം തുടരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉച്ചയോടെ ചേലക്കരയില്‍ എത്തും.പഞ്ചായത്ത് തലത്തിലുള്ള ശക്തിപ്രകടനങ്ങള്‍ അടക്കം ആസൂത്രണം ചെയ്താണ് കലാശക്കൊട്ടിനായി ബിജെപി തയ്യാറെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *