പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് ജേതാക്കളായത്. ഇരു പകുതികളിലായി തോയ് സിംഗ്, കെർവൻസ് ബെൽഫോർട്ട് എന്നിവരാണ് കാലിക്കറ്റിന്റെ ഗോളുകൾ നേടിയത്. ഇഞ്ചുറി സമയത്ത് ഡോറിയൽട്ടൻ ഗോമസിന്റെ ബൂട്ടിൽ നിന്നായിരുന്നു കൊച്ചിയുടെ ആശ്വാസ ഗോൾ.

ഗ്യാലറിപ്പടവുകളിൽ ആരാധകർ നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ
ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ് നിദാൽ കൊച്ചിയെയും ഗനി അഹമ്മദ് നിഗം കാലിക്കറ്റിനെയും നയിച്ചു.

പതിനാലാം മിനിറ്റിൽ തന്നെ കൊച്ചി താരം ഡോറിയൽട്ടനെ ഫൗൾ ചെയ്തതിന് ഒലൻ സിംഗിന് മഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടടുത്ത മിനിറ്റിൽ കാലിക്കറ്റിന്റെ ആദ്യ ഗോൾ വന്നു. മധ്യനിരയിൽ നിന്ന് ഗനി നിഗം നീക്കിയിട്ട പന്ത് കെന്നഡി ഓടിപ്പിടിച്ച് ബോക്സിലേക്ക് മറിച്ചുനൽകി. കൃത്യം പൊസിഷൻ കീപ്പ് ചെയ്ത തോയ് സിംഗിന്റെ ഫസ്റ്റ് ടൈം ഫിനിഷ് കൊച്ചി പോസ്റ്റിൽ (1-0).

മുപ്പത്തിമൂന്നാം മിനിറ്റിൽ പരിക്കേറ്റ ഗനി നിഗമിനെ പിൻവലിച്ച കാലിക്കറ്റ് ജിജോ ജോസഫിനെ കൊണ്ടുവന്നു. പിന്നാലെ ഹെയ്ത്തിക്കാരൻ
ബെൽഫോർട്ട് പായിച്ച ലോങ് റെയ്ഞ്ചർ കൊച്ചി ഗോൾ കീപ്പർ ഹജ്മൽ രക്ഷപ്പെടുത്തി.

ആദ്യപകുതിയിൽ കൊച്ചിയുടെ ഡോറിയൽട്ടൻ, കമൽപ്രീത് എന്നിവർക്കും കാലിക്കറ്റിന്റെ മുഹമ്മദ്‌ റിയാസിനും മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നിജോ ഗിൽബർട്ട് മൂന്ന് എതിർ താരങ്ങളെ കബളിപ്പിച്ചു നടത്തിയ മുന്നേറ്റം കാലിക്കറ്റ് ഗോൾ കീപ്പർ വിശാൽ തടഞ്ഞിട്ടു.

തുടർച്ചയായി കോർണറുകൾ നേടി കൊച്ചി ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെ അറുപതാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാൻ കാലിക്കറ്റിന് അവസരം ലഭിച്ചു. പക്ഷെ, തോയ് സിംഗിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.

എഴുപതാം മിനിറ്റിൽ സമനില നേടാനുള്ള കൊച്ചിയുടെ ശ്രമത്തിന് ക്രോസ് ബാർ തടസമായി. സാൽ അനസിന്റെ ചിപ്പ് ഷോട്ടാണ് ഗോളാകാതെ പോയത്.

എഴുപത്തിയൊന്നാം മിനിറ്റിൽ കാലിക്കറ്റ് രണ്ടാം ഗോളടിച്ചു. പകരക്കാരൻ എണസ്റ്റ് ബെർഫോ ഹെഡ് ചെയ്തു നൽകിയ അസിസ്റ്റിൽ സ്കോർ ചെയ്തത് കെർവൻസ് ബെൽഫോർട്ട് (2-0).

ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1). ലീഗിൽ ബ്രസീൽ താരത്തിന്റെ എട്ടാം ഗോൾ.

അവസാന നിമിഷങ്ങളിൽ അർജുൻ ജയരാജിന്റെ നേതൃത്വത്തിൽ കൊച്ചി സമനിലക്കായി കോപ്പുകൂട്ടിയെങ്കിലും കാലിക്കറ്റ് പ്രതിരോധം ഇളകാതെ നിന്നതോടെ പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കിരീടം സാമൂതിരിയുടെ നാടിന് സ്വന്തമായി. 36000 ത്തോളം കാണികളാണ്‌ ഇന്നലെ ഫൈനൽ മത്സരം കാണാൻ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *