ബിജെപി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ച് ബിജെപി പ്രവര്‍ത്തകന്‍. സജി ശങ്കറിനെ വിമര്‍ശിച്ചെന്ന കാരണം പറഞ്ഞ് തന്റെ വീട് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുപൊളിച്ചുവെന്ന പരാതിയുമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വി.എ. വിജയനാണ് രംഗത്തെത്തിയത്. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു പരിഹാരവുമായില്ലെന്നും വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ എഫ്.ബിയിലൊരു പോസ്റ്റിട്ടിരുന്നു. വി.വി. രാജേഷിനെപ്പോലെയോ സന്ദീപ് വാര്യരെ പോലെയോ കരുത്തുറ്റൊരു അധ്യക്ഷനെ വയനാടിന് വേണം എന്നതായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തില്‍ അന്ന് ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ വന്നാണ് എന്റെ വീട് മൊത്തം അടിച്ചു പൊളിച്ചത്,’ വിജയന്‍ പറയുന്നു.
ചെറുപ്പം മുതല്‍ താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി വീടില്ലാതെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും ഒന്നര വയസ്സുള്ള കുട്ടിയുമടങ്ങുന്ന വിജയന്റെ കുടുംബം മാസങ്ങളായി ബന്ധുവീട്ടിലാണ് താമസം.
ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. ഇനിയും ഇത് പരിഹരിച്ചില്ലെങ്കില്‍ താനും കുടുംബവും ബി.ജെ.പിയുടെ വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ താമസം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.