സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കണ്ണൂരിലെ പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന എറണാകുളത്താണ് രണ്ടാമത് സമ്മേളനം നടക്കുക. ഡിസംബര്‍ 14 മുതലാണ് സമ്മേളനം. അന്ന് തന്നെ വയനാട്ടിലും ആരംഭിക്കും. ജനുവരി 28 മുതല്‍ 30 വരെ ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം.

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെയാണ്. ഏപ്രിലിലാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. 10 വര്‍ഷത്തിനു ശേഷമാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാകുന്നത്.

2012ല്‍ കോഴിക്കോട് നടന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇതിനു മുന്‍പ് കേരളത്തില്‍ നടന്നിട്ടുള്ളത്. അതിനു മുന്‍പ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിരുന്നു. മൂന്നു വര്‍ഷം കൂടുമ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാറുള്ളത്. 2015ല്‍ വിശാഖപട്ടണത്തും 2018ല്‍ ഹൈദരാബാദിലും പാര്‍ട്ടി കോണ്‍ഗ്രസ് നടന്നു. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2022 ഏപ്രിലിലേക്ക് നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *