പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് കുട്ടനാട്ടിലെതകഴിയില്‍ താറാവുകളെ കൊല്ലാന്‍ തുടങ്ങി. തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ ഇതോടകം നശിപ്പിച്ചു.
രണ്ടാഴ്ചകൾക്കു മുൻപ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകളാണ് രോഗബാധ മൂലം ചത്തത്. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
“ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) ഈ മേഖലയിലെ താറാവുകളില്‍ ഇന്‍ഫ്ലൂവന്‍സ വൈറസിന്റെ H5N1 ഉപവിഭാഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം.