സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ ഇങ്ക്വിലാബ് വിളികളേറ്റുവാങ്ങി കാനത്തെ കൊച്ചുകളപ്പുരയ്ക്കൽ വീടിന്റെ വളപ്പിലെ പുളിമര ചുവട്ടിൽ മകൻ സന്ദീപ് കൊളുത്തിയ ചിതയിലമർന്ന് പ്രിയ സഖാവ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ നേതാവിനെ യാത്ര അയക്കാനായി കാനത്ത് എത്തിച്ചേർന്നു. ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് കാനത്തെ വീട്ടുവളപ്പ് സാക്ഷ്യം വഹിച്ചത്.

പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയായിരുന്നു സംസ്കാര ചടങ്ങുകൾ. ഒരു നാടിന്റെ പേര് സ്വന്തം പേരാക്കി മാറ്റിയ നേതാവിന് ജന്മനാട് ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് നൽകിയത്. സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഇവിടേക്ക് ഒഴുകിയെത്തിയത്. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വീട്ടിൽ തന്നെ അനുശോചന യോഗവും നടക്കും.

മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിച്ചേർന്നത്. ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി റോഡരികില്‍ കാത്തുനിന്നത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി.

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *