തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയില്‍ കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ കവര്‍ച്ചാ, പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തങ്കമണിയുടെ പക്കല്‍ നിന്നും കാണാതായ കമ്മല്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണിയെ (65) വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ പൂ പറിക്കാന്‍ പോയ തങ്കമണി മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് പറമ്പില്‍ മരിച്ചു കിടക്കുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *