തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ നാളെ വിധിയെഴുതാനൊരുങ്ങുമ്പോൾ, ഇന്ന് ഈ പ്രദേശങ്ങളിൽ നിശബ്ദ പ്രചാരണത്തിന്റെ നിർണ്ണായക ദിവസമാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് അവസാനമായി വോട്ട് അഭ്യർത്ഥിക്കാനുള്ള തീവ്ര ശ്രമത്തിലായിരിക്കും മുന്നണികളും സ്ഥാനാർത്ഥികളും. ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടെ ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനാൽ, മേഖലയിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, നാളത്തെ സുഗമമായ പോളിങ്ങിനായി, ഏഴ് ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങൾ ഇന്ന് രാവിലെ എട്ട് മണി മുതൽ വിവിധ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറിത്തുടങ്ങി. വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, നാളെ വടക്കൻ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പൂർത്തിയായതോടെ, തെക്കൻ ജില്ലകളിൽ ഫലം വരുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥികളും പ്രവർത്തകരും തങ്ങളുടെ വിജയസാധ്യതകൾ വിലയിരുത്തി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് എൽഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷിക്കുന്നത്. എന്നാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യഥാർത്ഥ റിഹേഴ്സലാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.

സമൂഹത്തിൽ ഉയർന്ന വിവാദങ്ങൾ ആർക്ക് തുണയാകുമെന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളക്കേസും സർക്കാരിനെതിരായ വികാരവും കോൺഗ്രസിനും യുഡിഎഫിനും അനുകൂലമാകുമെന്നാണ് അവരുടെ നേതാക്കൾ കണക്കുകൂട്ടുന്നത്. എൽഡിഎഫിനെതിരെ ബിജെപിയും പ്രധാന പ്രചാരണായുധമാക്കിയത് ഇതേ സ്വർണ്ണക്കൊള്ളക്കേസ് തന്നെയാണ്. മറുവശത്ത്, രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസ് ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രതിരോധം തീർത്തത്. ഈ വിവാദങ്ങളും വിമർശനങ്ങളും ആർക്കാണ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി നൽകുക എന്നത് ഫലം വരുമ്പോൾ മാത്രമേ വ്യക്തമാകൂ

Leave a Reply

Your email address will not be published. Required fields are marked *