തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ച കൃഷ്ണേന്ദുവിന് കണ്ണീരോടെ വിട നല്‍കി നാട്. മടവൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരുന്നു കൃഷ്ണേന്ദു ഓടിക്കളിച്ചു നടന്നിരുന്ന മടവൂര്‍ എല്‍പി സ്‌കൂളിലെ പൊതുദര്‍ശനം. ചേതനയറ്റ കുരുന്നിനെ കണ്ടുനില്‍ക്കാനാകാതെ കാത്തുനിന്നവര്‍ വിങ്ങിപൊട്ടി.
ചിരി മാഞ്ഞ കുഞ്ഞുമുഖം കാണാനാകില്ലെന്നുറപ്പിച്ച് അധ്യാപകരില്‍ ചിലര്‍ മുറികളില്‍ തളര്‍ന്നിരുന്നു. സഹപാഠികള്‍ പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിടപറഞ്ഞു. തുടര്‍ന്ന് മടവൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വൈകിട്ടാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദു സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്.