പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ എം ഷാജി എംൽഎ. സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല,കണ്ണൂർ അഴീക്കോട് സീറ്റുകൾ വച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് വ്യക്തമാക്കി. വിജിലന്‍സ് കേസിനെ ഭയമില്ലെന്നും കെഎം ഷാജി പറഞ്ഞു. അഴീക്കോട് സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതോടെ ഷാജിയെത്തന്നെ കളത്തിലിറക്കാന്‍ മുസ്ലീംലീഗ് തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.

മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് വിലയിരുത്തല്‍ അംഗീകരിക്കപ്പെട്ടതോടെ അഴീക്കോട് വീണ്ടുമൊരിക്കല്‍ കൂടി ഷാജിയ്ക്ക് സാധ്യതയേറുകയായിരുന്നു. കണ്ണൂര്‍-അഴീക്കോട് സീറ്റുകള്‍ തമ്മില്‍ വെച്ചുമാറണമെന്നുള്ള ആവശ്യത്തില്‍ തീരുമാനമാവാത്തതോടെയാണ് ലീഗ് ഷാജിയെത്തന്നെ കളത്തിലിറക്കുന്നത്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് ഷാജിതന്നെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.

ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം 2011ലാണ് ഇടതുമുന്നണിയില്‍ നിന്നും കെഎം പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ഷാജിയുടെ കടന്നുവരവ്. തുടര്‍ന്ന് 2016ല്‍ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി ഷാജി മണ്ഡലം നിലനിര്‍ത്തി. വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഷാജി മത്സരിക്കുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പ്ലസ് ടു അഴിമതിക്കേസില്‍ അറസ്റ്റിലായേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ മണ്ഡലത്തിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് സീറ്റ് വെച്ചുമാറല്‍ ആവശ്യം ലീഗ്്് മുന്നോട്ടുവെച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നാഭിപ്രായം സ്വീകരിച്ചതോടെയാണ് അഴീക്കോടുതന്നെ ഇറങ്ങാന്‍ കെഎം ഷാജിയും ലീഗും തീരുമാനിച്ചത്. കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മണ്ഡലത്തില്‍ ഷാജിയുടെ പ്രതിച്ചച്ഛായയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കെഎം ഷാജിക്ക് മാത്രമേ വിജയ സാധ്യതയുള്ളൂ എന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കളും പറയുന്നത്.

ഷാജിയെ പിന്തുണച്ച് മണ്ഡലത്തില്‍ ഇതിനോടകം തന്നെ പോസ്റ്ററുകള്‍ നിരന്നിട്ടുണ്ട്. ഒരിക്കല്‍ കൂടി കെഎം ഷാജിയെന്ന് എഴുതിയ പോസ്റ്ററുകളാണ് ചുമരുകളില്‍ നിറയുന്നത്. മുസ്ലീംലീഗ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യാന്‍ ഇന്ന് ഷാജി അഴീക്കോടെത്തും.

Leave a Reply

Your email address will not be published. Required fields are marked *