ഇന്ന് മഹാശിവരാത്രി.ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ആണുള്ളത്. ശിവരാത്രി പിറ്റേന്നായ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ പുഴയോരത്തെ ബലിത്തറകളില്‍ പിതൃകര്‍മങ്ങള്‍ നടത്താന്‍ അനുമതിയുള്ളൂ. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രവേശനം.
മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിത്തറകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ ക്ലസ്റ്ററിലും 200 പേര്‍ക്കു വീതം ഒരേസമയം 1,000 പേര്‍ക്കു ബലിയിടാം. തര്‍പ്പണത്തിനു 20 മിനിറ്റും ക്ഷേത്ര ദര്‍ശനത്തിനു 10 മിനിറ്റും അനുവദിക്കും. പുഴയില്‍ മുങ്ങിക്കുളിക്കാന്‍ ഇത്തവണ അനുമതിയില്ല. രാത്രിയില്‍ ആരെയും മണപ്പുറത്തേക്ക് പ്രവേശിപ്പിക്കില്ല. ലക്ഷാര്‍ച്ചന ഒഴികെ പതിവുള്ള എല്ലാ ക്ഷേത്ര കര്‍മങ്ങളും ഉണ്ടാകുമെന്ന് മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.
മണപ്പുറത്ത് എത്താന്‍ കഴിയാത്തവര്‍ക്ക് അടുത്തുള്ള ക്ഷേത്രങ്ങളിലോ ജലാശയങ്ങളിലോ സ്വന്തം വീടുകളിലോ പിതൃക്കളെ ധ്യാനിച്ചു ശ്രാദ്ധമൂട്ടാം. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കുംഭത്തിലെ അമാവാസി തുടങ്ങുക. ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ എണ്ണം കുറയുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും പതിവു പോലെ ഉണ്ടാകുമെന്നു റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു.
ആളുകള്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കെഎസ്ആര്‍ടിസി ബസുകളുടെ സേവനം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ആരംഭിക്കും. ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്. രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.