മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി ശിവൻ കുട്ടി. അടച്ചുപൂട്ടലിന്റെവക്കിലെത്തിയ കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ ഏറ്റെടുത്ത ഒന്നാം പിണറായി സർക്കാരിന്റെ നടപടി ചൂണ്ടിക്കാട്ടിയാണ് ശിവൻ കുട്ടിയുടെ മറുപടി.
നേരത്തെ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചുകപ്പ് നിറമാക്കിയതിനെ പരിഹസിച്ച് അബ്ദുറബ്ബ് രംഗത്തെത്തിയിരുന്നു. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പിന് പകരം പച്ചയില്‍ അച്ചടിക്കാത്തത് ഭാഗ്യമാണ്. ഇല്ലെങ്കില്‍ താന്‍ രാജിവെക്കേണ്ടി വന്നേനെയെന്നായിരുന്നു അബ്ദു റബ്ബിന്റെ പരിഹാസം.മുമ്പ് ചോദ്യപേപ്പര്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുമായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍ കയറി വരെ ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്യുമായിരുന്നുവെന്നും അബ്ദുറബ്ബിന്റെ പരിഹാസിച്ചു.
ഇതിന് മറുപടിയായി പച്ചയല്ല, പളളിക്കൂടങ്ങള്‍ പച്ച പിടിപ്പിക്കാതിരുന്നതായിരുന്നു അന്നത്തെ പ്രശ്‌നമെന്ന് മലാപ്പറമ്പ് സ്‌കൂളിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.
ചുവപ്പിന് എന്താ കുഴപ്പം എന്നായിരുന്നു ചോദ്യപേപ്പര്‍ ചുവപ്പു നിറത്തില്‍ അച്ചടിച്ചത് ചോദ്യം ചെയ്ത മാധ്യമങ്ങളോട് ശിവൻ കുട്ടി ഇന്നലെ ചോദിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ചു നടക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറാതിരിക്കാന്‍ വേണ്ടിയാണ് നിറം മാറ്റിയതെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചിരുന്നു.