
പാതി വില തട്ടിപ്പു കേസിൽ പ്രതിയായ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ കസ്റ്റഡിയിൽ. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ക്രൈബ്രാഞ്ചിന്റെ നീക്കം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.പകുതിവില തട്ടിപ്പിൽ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്ക് ബന്ധമില്ലെന്നും ആനന്ദകുമാർ വാദിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് അഞ്ച് തവണയായി മാറ്റി വച്ചിരുന്ന കേസിൽ ഇന്നലെ കോടതി വാദം കേട്ടു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ കണ്ണൂർ എസ്.പിയെ എതിർകക്ഷിയാക്കിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്റെ പരാതിയിലാണ് കേസ്. ആനന്ദകുമാർ രണ്ടാം പ്രതിയാണ്. അറസ്റ്റിലായ അനന്തുകൃഷ്ണനാണ് ഒന്നാം പ്രതി. കേസിൽ ഏഴു പ്രതികളുണ്ട്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സീഡ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2.96 കോടി തട്ടിയെന്നാണ് പരാതി. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ.കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരും പ്രതികളാണ്.