തിരുവനന്തപുരം ; കെഎസ്ഇബിയിൽ പരാതി റജിസ്റ്റർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി വന്നില്ലെങ്കിൽ 100 രൂപ നഷ്ടപരിഹാരം ലഭിക്കും. അടുത്ത വൈദ്യുതി ബില്ലിൽ ഈ തുക ഇളവു ചെയ്യും. വോൾട്ടേജ് വ്യതിയാനം സംബന്ധിച്ച പരാതികൾ പരിഹരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം 25 രൂപയായിരുന്നത് 200 രൂപയാക്കി. കെഎസ്ഇബി പോലുള്ള വൈദ്യുതി വിതരണ കമ്പനികൾ ഉപയോക്താവിനു നൽകേണ്ട സേവനങ്ങളുടെ സമയപരിധി കുറച്ചും നഷ്ടപരിഹാരം എട്ടിരട്ടി വരെയായി കൂട്ടിയും വൈദ്യുതി വിതരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിയന്ത്രണച്ചട്ടം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഭേദഗതി ചെയ്തു.

ഉപയോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരത്തുക ബില്ലിൽ ഇളവ് ചെയ്യണം. 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും ഡീസൽ ജനറേറ്ററുകൾ ഒഴിവാക്കി പകരം ശുദ്ധമായ ഊർജ കരുതൽ സംവിധാനത്തിലേക്കു മാറാനുള്ള പദ്ധതി സമർപ്പിക്കാനും റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്കു നിർദേശം നൽകി. നഷ്ടപരിഹാരം ആവശ്യപ്പെടാനും അപേക്ഷയുടെ തൽസ്ഥിതി അറിയാനും പോർട്ടൽ വരും.

നഷ്ടപരിഹാരം 25 ൽനിന്ന് 100 രൂപയായി വർധിപ്പിച്ച സേവനങ്ങളും പുതിയ സമയപരിധിയും∙

വൈദ്യുതി പുനഃസ്ഥാപിക്കേണ്ട സമയം:

(നഗരം, ഗ്രാമം, ദുർഘടപ്രദേശം ക്രമത്തിൽ, സമയം മണിക്കൂറിൽ)

ഫ്യൂസ് പോയാൽ– 4, 6, 8.

ലൈൻ / കേബിൾ തകരാർ – 6, 8, 12.

ട്രാൻസ്ഫോമർ തകരാർ– 18, 24, 36∙

മുൻകൂട്ടി നിശ്ചയിക്കുന്ന വൈദ്യുതി തടസ്സം കുറഞ്ഞത് 24 മണിക്കൂർ മുൻപ് അറിയിക്കണം.

ഒരു ദിവസം പരമാവധി 10 മണിക്കൂറിൽ കൂടുതൽ മുടങ്ങരുത്.

സർവീസ് ലൈൻ/ ഇലക്ട്രിക്കൽ പ്ലാന്റ് മാറ്റിസ്ഥാപിക്കാൻ (ദിവസം):

മീറ്റർ / ലൈൻ– എൽടി ലൈൻ- 30 എച്ച്ടി ലൈൻ- 45 ട്രാൻസ്ഫോമർ- 30.

ഉപയോഗിക്കാത്ത ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കാൻ – 3 മാസം.

മീറ്ററിലെ തകരാറുകൾ പരിശോധിക്കൽ/പരിഹരിക്കൽ– പരാതി ലഭിച്ച് 5 ദിവസത്തിനുള്ളിൽ ∙

തകരാറിലായ എൽടി/എച്ച്ടി മീറ്റർ മാറ്റി സ്ഥാപിക്കാൻ– 3 പ്രവൃത്തി ദിവസം.

നഷ്ടപരിഹാരം 50ൽനിന്ന് 100 രൂപയായി വർധിപ്പിച്ച സേവനങ്ങളും സമയപരിധിയും

നിലവിലെ വിതരണ സംവിധാനത്തിൽനിന്ന് പുതിയ കണക്‌ഷൻ നൽകാൻ (എൽടി) – 7 ദിവസം; ദുർഘട പ്രദേശങ്ങൾ – 1 മാസം; മെട്രോപ്പൊലിറ്റൻ പ്രദേശങ്ങൾ – 3 ദിവസം.

ലോഡ് മാറ്റത്തിനുള്ള പരിശോധന കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഉത്തരവ് നൽകണം.

അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ സർവീസ് കണക്‌ഷൻ കൈമാറ്റം ചെയ്യണം.

സർവീസ് കണക്‌ഷൻ മാറ്റാനുള്ള സമയപരിധി എൽടി– സിംഗിൾ/ത്രീ ഫേസ്– 45 ദിവസം എൽടി–എച്ച്ടി: ചാർജ് അടച്ച് 120 ദിവസം.

കണക്‌ഷൻ കാറ്റഗറി മാറ്റാനുള്ള സമയപരിധി: 7 ദിവസത്തിനുള്ളിൽ പരിശോധന; 15 ദിവസത്തിനുള്ളിൽ തീരുമാനം.

തർക്കത്തിലുള്ള ബില്ലുകളുമായി ബന്ധപ്പെട്ട പരാതികളിൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ ബിൽ നൽകണം.

ഉപയോക്താവ് അഭ്യർഥിക്കുന്ന കാലയളവു വരെ വൈദ്യുതി ബന്ധം വിഛേദിച്ചു നൽകണം.

ബിൽ അടയ്ക്കാത്തതിനാൽ വിഛേദിച്ച കണക്‌ഷൻ കുടിശിക അടച്ച് 24 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കണം.

കരാർ അവസാനിപ്പിച്ച് 30 ദിവസത്തിനുള്ളിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *