പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി.അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്ന് കെ വി തോമസ് പറഞ്ഞു . കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും തോമസ് ആവർത്തിച്ചു. അച്ചടക്ക സമിതിക്ക് സുധാകരൻ നൽകിയ പരാതി പരിശോധിക്കട്ടേയെന്നാവർത്തിച്ച കെവി തോമസ് എന്ത് നടപടിയായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. 2008 മുതലുള്ള കാര്യങ്ങൾ മറുപടിയിൽ വിശദീകരിക്കും. ഞാനാണോ അവരാണോ ശരിയെന്ന് കമ്മിറ്റി പരിശോധിക്കട്ടേയെന്നും പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രത്യേക അജന്‍ഡയുള്ളയാളാണ്. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ലെന്ന് തോമസ് പറഞ്ഞു.

എകെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ല. അതുകൊണ്ടുതന്നെ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് തോമസ് പറഞ്ഞു.കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തിൽ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നൽകും. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *