മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. അലിബാഗ് തെഹ്സിലിലെ കിഹിമിലെ വീട്ടില്‍വെച്ച് ശീതള്‍ (25) തന്റെ മക്കളായ ആരാധ്യ(5 ), സാര്‍ത്ഥക്(3) എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛനായ സദാനന്ദ് വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു ശീതള്‍ മക്കളെ കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ കട്ടിലില്‍ തന്നെ കിടത്തി. സദാനന്ദ് വന്ന് അന്വേഷിച്ചപ്പോള്‍ മക്കള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും ശീതള്‍ പറഞ്ഞു. എന്നാല്‍ മക്കള്‍ എഴുന്നേല്‍ക്കാത്തതില്‍ സംശയം തോന്നിയ സദാനന്ദ് മക്കളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു.
തുടര്‍ന്ന് പൊലീസ് ശീതളിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അയാളോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മക്കളെ കൊന്നതെന്നും ശീതള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ശീതളിനെ അറസ്റ്റ് ചെയ്തു.