ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എന്‍.ഐ.എ സംഘം. അതീവ സുരക്ഷയാണ് ജയിലില്‍ റാണക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍.ഐ.എ മേധാവി, രണ്ട് ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവര്‍ ഉള്‍പ്പടെ 12 അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. ഇവര്‍ക്ക് മാത്രമേ റാണയെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളു. എന്‍.ഐ.എ മേധാവി സദാനന്ദ് ദാതേ, ഐ.ജി ആശിഷ് ബത്ര, ഡി.ഐ.ജി ജയ റോയ് എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മറ്റാര്‍ക്കെങ്കിലും റാണയെ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി ആവശ്യമാണ്. എന്‍.ഐ.എ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2008ലെ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍മാരായ അജ്മല്‍ കസബിനെയും ഇസ്മയലിനെയും നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്.

വ്യാഴാഴ്ച വൈകീട്ട് 6.30നാണ് റാണയെയും വഹിച്ച് യു.എസില്‍ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡല്‍ഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *