തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും ഇപ്പോഴും അത് കേരള സ്റ്റോറിയാണ്. വിവാഹത്തിന് നേതൃത്വം നൽകിയ നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹത്തിന് ഇരുവരുമെത്തുമ്പോൾ രേഖകൾ കാണിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അജിത്ത് വിശദീകരണം നൽകിയിരുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചും വെരിഫിക്കേഷൻ നടത്തിയിരുന്നുവെന്നും തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിയ ദേശീയ പിന്നോക്ക കമ്മീഷൻ കെ ഡിസ്ക് വഴിയാണ് രേഖകൾ എടുത്തതെന്നും അജിത്ത് പറഞ്ഞു.

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭർത്താവിന് എതിരെയാണ് കേസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പതിനാറ് വയസ് മാത്രമെന്നാണ് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നെന്ന് ആശുപത്രി രേഖകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയാണുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങൾ എൽഡിഎഫിന് മൂന്നാം ഊഴം ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയാൽ യുഡിഎഫ് ജയിക്കുമെന്നത് പഴയ കണക്കുകൾ മാത്രമാണ്. പിഎംശ്രീ മുന്നേറ്റവും എസ്.ഐ.ആറും കാരണമാണ് ഇത്തവണ പോളിംഗ് ശതമാനം വർധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *