നാഗ്പുർ: ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തിന് പിന്നാലെ ഉയരുന്ന പ്രൊപ്പഗണ്ട ആരോപണങ്ങൾക്കിടെ ബോളിവുഡ് താരം രൺവീർ സിങ് ആർഎസ്എസ് ആസ്ഥാനത്തെത്തി. നാഗ്പുരിലെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായാണ് താരം കൂടിക്കാഴ്ച നടത്തിയത്. ഏപ്രിൽ പത്തിന് വൈകീട്ട് ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രൺവീർ സിങ് അവിടെനിന്ന് നേരിട്ട് മഹലിലുള്ള സംഘ് ആസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു.

ഏകദേശം ഒന്നരമണിക്കൂറോളം ആർഎസ്എസ് ആസ്ഥാനത്ത് ചെലവഴിച്ച താരം, മോഹൻ ഭഗവതുമായി സിനിമയുടെ പ്രമേയത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും സംസാരിച്ചതായാണ് വിവരം. ഇതിനുപുറമെ റെഷിംബാഗിലെ ഹെഡ്‌ഗേവാർ സ്മൃതി മന്ദിർ സന്ദർശിച്ച രൺവീർ, ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്‌ഗേവാർ, മുൻ സർസംഘ്ചാലക് എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ആസ്ഥാനത്തെത്തിയ മറ്റു അംഗങ്ങളുമായും താരം ആശയവിനിമയം നടത്തി.

ആഗോളതലത്തിൽ 1600 കോടി രൂപയിലേറെ വാരിക്കൂട്ടി മുന്നേറുന്ന ‘ധുരന്ധർ 2’ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ വൻ വിജയത്തിനിടയിൽ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് രൺവീർ സിങ്ങോ ആർഎസ്എസ് നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ-സിനിമ മേഖലകളിൽ ഈ സന്ദർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *